Kerala
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ ചിത്രികരിച്ചവരെ ഭീഷണിപ്പെടുത്തി എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്നാണ് ഭീഷണി. ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലായാണ് എത്തിയത്. ബിജെപി നൽകിയത് 5000 രൂപയാണെന്ന് കെഎസ്യു ജില്ലാ നേതൃത്വം അറിയിച്ചു.
Kerala
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാപ്പാ കേസ് പ്രതിയായ റോഷൻ ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
National
ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ പബ്ലിക് പാർക്കിൽ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വന്നിരുന്ന ആഫ്രിക്കൻ പൗരനു നേരെ അധിക്ഷേപവും ഭീഷണിയുമുയർത്തുന്ന ബിജെപി കൗൺസിലറുടെ വീഡിയോ പുറത്ത്.
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ രേണു ചൗധരിയാണ് ഹിന്ദി അറിയാത്തതിന്റെ പേരിൽ ആഫ്രിക്കൻ സ്വദേശിക്കു നേരെ അപകീർത്തിപരമായ പ്രസ്താവനകൾ നടത്തുന്നതായി വീഡിയോയിൽ കാണുന്നത്.
നിങ്ങളിവിടെ പണം സമ്പാദിക്കുന്നുണ്ടെങ്കിൽ ഹിന്ദി പഠിച്ചിരിക്കണമെന്നും ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ ഇയാളെ പാർക്കിൽനിന്ന് പുറത്താക്കണമെന്നും രേണു ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിജെപി കൗൺസിലറുടെ അപകീർത്തിപരവും ഭരണഘടനാമൂല്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന വാക്കുകൾക്കെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. എന്നാൽ വിഷയം മാസങ്ങൾക്കു മുന്നേ ഉയർത്തിയതാണെന്നും അവിടുത്തെ നിവാസികൾ കോച്ചിനു വേണ്ടി വാദിച്ചതിനാൽ അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിച്ചുവെന്നും രേണു പിന്നീട് വിശദീകരിച്ചു.
International
വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് ആവർത്തിച്ചു.
എന്നാൽ ട്രംപും മോദിയും തമ്മിൽ ഇക്കാര്യത്തിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന.
റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റിൽ നിലവിൽ വരികയും ചെയ്തു.